13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കണമെന്ന് ഹര്‍ജി; പരിഗണനയ്ക്കെടുക്കാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: 13 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നയനിര്‍ണയം സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ ബി. ആര്‍ ഗവായ്, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് കോടതി നടപടി അവസാനിപ്പിച്ചത്. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്ന പ്രധാന ആശങ്കകള്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്നായിരുന്നു. വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നിവ ഇതിനൊപ്പം ചൂണ്ടിക്കാട്ടപ്പെട്ടത്. "സോഷ്യല്‍ മീഡിയ മാറ്റേഴ്‌സ്" എന്ന സംഘടന നടത്തിയ പഠനം ഉദ്ധരിച്ച്, യുവാക്കള്‍ ശരാശരി ദിവസം അഞ്ച് മണിക്കൂറിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 13-18 വയസുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ മാത്രം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാവുന്നതായും, ലോഗിന്‍ ചെയ്യുമ്പോള്‍ കര്‍ശനമായ പ്രായപരിശോധന, ഉള്ളടക്ക നിയന്ത്രണം, നിബന്ധനകള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ തുടങ്ങിയവയും ഹര്‍ജിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.